Malayalam Bible
മത്തായി 14
വലിയ സ്ക്രീൻ- 1ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു:
- 2അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
- 3ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു
- 4യോഹന്നാൻ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.
- 5അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
- 6എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
- 7അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.
- 8അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.
- 9രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;
- 10ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
- 11അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
- 12അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.
- 13അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.
- 14അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.
- 15വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
- 16യേശു അവരോടു: “അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ ” എന്നു പറഞ്ഞു.
- 17അവർ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നു ഇല്ല എന്നു പറഞ്ഞു.
- 18“അതു ഇങ്ങുകൊണ്ടുവരുവിൻ ” എന്നു അവൻ പറഞ്ഞു.
- 19പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.
- 20എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
- 21തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
- 22ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാൻ അവരെ നിർബന്ധിച്ചു.
- 23അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
- 24പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
- 25രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
- 26അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
- 27ഉടനെ യേശു അവരോടു: “ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.
- 28അതിന്നു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.
- 29“വരിക” എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
- 30എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
- 31യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.
- 32അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.
- 33പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
- 34അവർ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.
- 35അവിടത്തെ ജനങ്ങൾ അവൻ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
- 36അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു. തൊട്ടവർക്കു ഒക്കെയും സൌഖ്യം വന്നു.