Malayalam Bible
സംഖ്യാപുസ്തകം 1
വലിയ സ്ക്രീൻ- 1അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനക്കുടാരത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
- 2നിങ്ങൾ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേർവഴി ചാർത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.
- 3നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.
- 4ഓരോ ഗോത്രത്തിൽനിന്നു തന്റെ കുടുംബത്തിൽ തലവനായ ഒരുത്തൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
- 5നിങ്ങളോടുകൂടെ നിൽക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതു: രൂബേൻ ഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ;
- 6ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ;
- 7യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ;
- 8യിസ്സാഖാർ ഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ;
- 9സെബൂലൂൻ ഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;
- 10യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;
- 11ബെന്യാമീൻ ഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;
- 12ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;
- 13ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;
- 14ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;
- 15നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
- 16ഇവർ സംഘത്തിൽനിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.
- 17കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.
- 18രണ്ടാം മാസം ഒന്നാം തിയ്യതി അവർ സർവ്വസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.
- 19യഹോവ മോശെയോടു കല്പിച്ചതു പോലെ അവൻ സീനായിമരുഭൂമിയിൽവെച്ചു അവരുടെ എണ്ണമെടുത്തു.
- 20യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികൾ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു, യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
- 21പേരുപേരായി രൂബേൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ.
- 22ശിമെയോന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
- 23പേരുപേരായി ശിമെയോൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ.
- 24ഗാദിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
- 25ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ.
- 26യെഹൂദയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
- 27യെഹൂദാഗോത്രത്തിൽ എണ്ണപ്പെട്ടവർ എഴുപത്തുനാലായിരത്തറുനൂറു പേർ.
- 28യിസ്സാഖാരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
- 29യിസ്സാഖാർഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തുനാലായിരത്തി നാനൂറു പേർ.
- 30സെബൂലൂന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
- 31പേരു പേരായി സെബൂലൂൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറു പേർ.
- 32യോസേഫിന്റെ മക്കളിൽ എഫ്രയീമിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
- 33പേരുപേരായി എഫ്രയീംഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പതിനായിരത്തഞ്ഞൂറു പേർ.
- 34മനശ്ശെയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
- 35മനശ്ശെഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറു പേർ.
- 36ബെന്യാമീന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
- 37ബെന്യാമീൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറു പേർ.
- 38ദാന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
- 39ദാൻഗോത്രത്തിൽ എണ്ണപ്പെട്ടവർ അറുപത്തീരായിരത്തെഴുനൂറു പേർ.
- 40ആശേരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
- 41ആശേർഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തോരായിരത്തഞ്ഞൂറു പേർ.
- 42നഫ്താലിയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
- 43നഫ്താലിഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറു പേർ.
- 44മോശെയും അഹരോനും ഗോത്രത്തിന്നു ഒരുവൻ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരും കൂടി എണ്ണമെടുത്തവർ ഇവർ തന്നേ.
- 45യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി
- 46എണ്ണപ്പെട്ടവർ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേർ ആയിരുന്നു.
- 47ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.
- 48ലേവിഗോത്രത്തെ മാത്രം എണ്ണരുതു;
- 49യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
- 50ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവർ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാർക്കയും വേണം.
- 51തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അതു നിവിർത്തേണം; ഒരന്യൻ അടുത്തുവന്നാൽ മരണ ശിക്ഷ അനുഭവിക്കേണം.
- 52യിസ്രായേൽമക്കൾ ഗണംഗണമായി ഓരോരുത്തൻ താന്താന്റെ പാളയത്തിലും ഓരോരുത്തൻ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.
- 53എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യർ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം
- 54എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കൾ ചെയ്തു; അതു പോലെ തന്നെ അവർ ചെയ്തു.