Malayalam Bible
സങ്കീർത്തനങ്ങൾ 146
വലിയ സ്ക്രീൻ- 1യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.
- 2ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.
- 3നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
- 4അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
- 5യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
- 6അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
- 7പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
- 8യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
- 9യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
- 10യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ.