Malayalam Bible
ഇയ്യോബ് 12
വലിയ സ്ക്രീൻ- 1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
- 2ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം! നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.
- 3നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു; നിങ്ങളെക്കാൾ ഞാൻ അധമനല്ല; ആർക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തതു?
- 4ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീർന്നു; നീതിമാനും നഷ്കളങ്കനുമായവൻ തന്നേ പരിഹാസവിഷയമായിത്തീർന്നു.
- 5വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം; കാൽ ഇടറുന്നവർക്കു അതു ഒരുങ്ങിയിരിക്കുന്നു.
- 6പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‍വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.
- 7മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;
- 8അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.
- 9യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?
- 10സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു.
- 11ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാകൂ ഭക്ഷണം രുചിനോക്കുന്നില്ലയോ?
- 12വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു.
- 13ജ്ഞാനവും ശക്തിയും അവന്റെ പക്കൽ, ആലോചനയും വിവേകവും അവന്നുള്ളതു.
- 14അവൻ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ; അവൻ മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.
- 15അവൻ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു; അവൻ വിട്ടയച്ചാൽ അതു ഭൂമിയെ മറിച്ചുകളയുന്നു.
- 16അവന്റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവർ.
- 17അവൻ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
- 18രാജാക്കന്മാർ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരെക്കു കയറു കെട്ടുന്നു.
- 19അവൻ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു.
- 20അവൻ വിശ്വസ്തന്മാർക്കു വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.
- 21അവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.
- 22അവൻ അഗാധകാര്യങ്ങളെ അന്ധകാരത്തിൽ നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.
- 23അവൻ ജാതികളെ വർദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവൻ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.
- 24അവൻ ഭൂവാസികളിൽ തലവന്മാരെ ധൈര്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുന്നു;
- 25അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; അവൻ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.